Ministries

History

ഏന്തയാർ എന്ന ഗ്രാമത്തെ സ്വന്തം അമ്മയെ പോലെ കാത്തുസംരക്ഷിച്ച ജോൺ ജോസഫ് മർഫി ഒരു എെറീഷ് കാത്തലിക്ക് ആയിരുന്നു. ഇൗ നാടിന്റെ ഓർമ്മകളിൽ അദ്ദേഹത്തിന്റെ നാമംതങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. മർഫിസായിപ്പിന്റെ പ്രത്യേകമായ കരുതലിൽ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ച ഏന്തയാർ സത്യത്തിൽ ഒരു പറുദീസയായിരുന്നു. ഒരു പ്രേഷിത വേലതന്നെയാണ് അദ്ദേഹം ഇവിടെ നിർവഹിച്ചതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവരുടെ വാക്കുകളിൽനിന്നും നമുക്ക് മനസ്സിലാക്കാം.

1957 മെയ് 9 ന് ഏന്തയാറിന്റെ ശില്പിയായ ബഹു. മർഫി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. തന്റെ തൊഴിലാളികളെ അടക്കിയിരുന്ന സെന്റ് ജോസഫ് ദൈവാലയത്തിന്റെ സെമിത്തേരിയിൽ ആഗ്രഹപ്രകാരംഅദ്ദേഹത്തെ സംസ്കരിച്ചു.

ആദ്യകാല ആധ്യാത്മിക ചരിത്രം
1907 ഏപ്രിൽ 22 ഏന്തയാറ്റിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ദിവസമായിരുന്നു. ഈ പ്രദേശത്തും അയൽ പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളുടേയും പ്രത്യേകിച്ച് തന്റെ പ്രിയപ്പെട്ട ജോലിക്കാരുടേയും ആധ്യാത്മികആവശ്യങ്ങൾ നിറവേറ്റുവാനായി ബഹു. മർഫി വരാപ്പുഴ മെത്രാപ്പോലീത്തായോട് ആവശ്യപ്പെട്ടതനുസരിച്ച് കോട്ടയം നല്ലിടയൻപള്ളിയിൽനിന്നും കർമ്മലീത്ത മിഷനറിമാരായ വൈദികർഏന്തയാറ്റിൽ എത്തി ആദ്യമായി ദിവ്യബലി അർപ്പിച്ചു തുടങ്ങി.ബഹു. മർഫിയുടെ ബംഗ്ലാവിലാണ് ദിവ്യബലി അർപ്പണം നടന്നത്. തുടർന്ന് മാസത്തിലൊരിക്കൽ ദിവ്യബലി അർപ്പണംമുടക്കം കൂടാതെ നടന്നുപോന്നു. മാസങ്ങൾ കഴിഞ്ഞതോടെ ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമമായി വർദ്ധിച്ചു വന്നു. ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ വിശുദ്ധ കുർബാന അർപ്പണം സ്ഥലപരിമിതിമൂലം ബംഗ്ലാവിൽ നിന്നും വിശാലമായ അദ്ദേഹത്തിന്റെ തേയില ഫാക്ടറിക്കുള്ളിലെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി.

1950, ജനങ്ങളെ ഭീതയിലാഴ്ത്തിയ ഒരു വർഷമായിരുന്നു. പ്രദേശത്ത് വ്യാപകമായ വസൂരി രോഗം പടർന്നു പിടിക്കുകയും അനേകം പേർ മരിക്കുകയും ചെയ്തു. ഭീകരമായ രോഗത്തിനുമുമ്പിൽ ജനങ്ങൾ പകച്ചുനിന്നു. അന്നത്തെ മുക്കുളം പള്ളി വികാരി ബഹു. ഫാ. കുര്യൻ, വി. സെബസ്റ്റ്യാനോസിന്റെ നാമത്തിൽ ഒരു വസന്ത പെരുന്നാൾ നടത്തുകയും, ആ മഹാരോഗംഅത്ഭുതകരമായി അപ്രത്യക്ഷമാവുകയും ചെയ്തു. ഇന്ന് ജീവിച്ചിരിക്കുന്ന ഏതാനും വ്യക്തികൾ ഭയാനകമായ ഇൗ സംഭവങ്ങളേയും അത്ഭുതകരമായ രോഗത്തിന്റെ അപ്രത്യക്ഷമാകലും അനുഗ്രഹത്തിന്റെ അമൂല്യനിമിഷങ്ങളായാണ് കാണുന്നത്. ദൈവത്തിന്റെ വലിയ കരുതലും അനുഗ്രഹവും തിരച്ചറിഞ്ഞജനങ്ങൾ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ തുടങ്ങി. ജനങ്ങളുടെ വർദ്ധിച്ച വിശ്വാസതീക്ഷ്ണത തിരിച്ചറിഞ്ഞബഹു. മർഫി 1952 ൽ സെന്റ് ജോസഫ് കുരിശുപള്ളി സ്വന്തംചിലവിൽ പണിതീർത്ത സെമിത്തേരി ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടി വിജയപുരം രൂപതയ്ക്ക് വിട്ടുകൊടുത്തു. പിന്നീട് ഇൗ കുരിശുപള്ളി സെന്റ് ജോസഫ് ഇടവക ദൈവാലയമായി മാറുകയും ചെയ്തു. ഏന്തയാറ്റിൽ ക്രിസ്ത്യാനികളായ ധാരാളം തമിഴ് തൊഴിലാളികളും ഏതാണ്ട് ഏഴോളം സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങൾക്കും ഇൗ ദൈവാലയം ദൈവത്തിന് സ്തുതികൾ അർപ്പിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാനുള്ള വലിയ അവസരം ഒരുക്കികൊടുത്തു.

ഏന്തയാറ്റിലെ ആദ്യകാല സുറിയാനി കത്തോലിക്കർ
ഏന്തയാറ്റിലെ ഏതാണ്ട് 15 ഒാളം സുറിയാനി കത്തോലിക്കാകുടുംബങ്ങളാണ് 1962 കാലഘട്ടങ്ങളിലുണ്ടായിരുന്നത്. ഏന്തയാറ്റിലെ സുറിയാനികത്തോലിക്കരെ സംബന്ധിച്ചിടത്തോളംസെന്റ് ജോസഫ് ലത്തീൻ ചർച്ചിലൂടെ തങ്ങളുടെ ആത്മീയകാര്യങ്ങൾ ക്രമമായി നടന്നിരുന്നുവെങ്കിലും മാമ്മോദീസ,വിവാഹം, മരിച്ചടക്ക് മുതലായ ആവശ്യങ്ങൾ നിറവേറ്റുവാൻ ഇടവക ദൈവാലയമായ കൂട്ടിക്കൽ സെന്റ് ജോർജ് പള്ളിയുമായി ബന്ധപ്പെടേണ്ടത് നിയമപരമായ ആവശ്യമായിരുന്നു. യാത്രാ സൗകര്യം വളരെ പരിമിതമായ അന്നത്തെ അവസ്ഥയിൽഏന്തയാറ്റിൽ നിന്നും കൂട്ടിക്കലെത്തി അടിയന്തിരകാര്യങ്ങൾ നിർവഹിക്കുവാൻ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.കാൽ നടയായി കൂട്ടിക്കലെത്തി തങ്ങളുടെ കൂദാശകർമ്മങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടിയ ഏന്തയാറ്റിലെ സുറിയാനി കത്തോലിക്കർ തങ്ങൾക്ക് ഒരു കുരിശുപള്ളിയെങ്കിലും വേണമെന്ന് അതിയായി ആഗ്രഹിക്കുവാനും അതിനായി പരിശ്രമിക്കാനും തുടങ്ങി.സാമ്പത്തികമായ വലിയ പരിമിതികൾ അവരുടെ ആഗ്രഹത്തെ പിന്നോട്ടടിച്ചെങ്കിലും ദൈവത്തിൽ തീക്ഷ്ണമായി വിശ്വാസമർപ്പിച്ച് അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ കാലഘട്ടത്തിൽ മുണ്ടക്കയത്ത് ആരംഭിച്ച റീത്ത് പള്ളിയിൽ നിന്ന് ബഹു.ഫാ. കിഴക്കേതലയ്ക്കൽ (പുളിങ്കുന്ന്) ഏന്തയാർ ലത്തീൻ പള്ളിയിലെത്തി മാസത്തിലൊരിക്കൽ റീത്ത് കുർബാന നടത്തുക പതിവായിരുന്നു. നാട്ടിലെ വിവിധ വിഭാഗങ്ങളിൽപെട്ട കത്തോലിക്കർ വലിയ സന്തോഷത്തോടെയും ഭക്തിയോടെയും ഇൗ കുർബാനയിൽ പങ്കെടുക്കുമായിരുന്നു.

കൂട്ടിക്കൽ ഇടവകയുടെ കുരിശുപള്ളി
ആത്മീയ കാര്യങ്ങൾ ക്രമമായി നടന്നിരുന്നെങ്കിലും മാതൃസഭയോടുള്ള വലിയ സ്നേഹവും തീക്ഷ്ണതയും മൂലം പലപ്പോഴുംഏന്തയാറ്റിൽ നിന്നും നടന്ന് കൂട്ടിക്കലെത്തി ഇടവകപള്ളിയിലെ ഞായറാഴ്ച കുർബാനകളിൽ പങ്കെടുത്ത നമ്മുടെ പൂർവികരുടെ മാതൃക അനുകരണീയമാണ്, അഭിനന്ദനാർഹമാണ്. അവർ സ്വന്തമായി ഒരു കുരിശുപള്ളിയെങ്കിലും ഏന്തയാറ്റിൽ ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. കൂട്ടിക്കൽ പള്ളി വികാരിയച്ചൻ ബഹു.തോമസ് ഒാലിക്കമാലിലച്ചൻ പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ.സെബാസ്റ്റ്യൻ വയലിൽപിതാവിനെ ഏന്തയാറുകാരുടെ ആഗ്രഹം അറിയിച്ചു. പിതാവ് താനുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന ശ്രീ ഏബ്രഹാം (പാപ്പൻ) കള്ളിവയലിനോട് ഇക്കാര്യം സൂചിപ്പിച്ചു.വയലിൽ പിതാവിന്റെ ആഗ്രഹമറിഞ്ഞ ശ്രീ. ഏബ്രഹാം കള്ളിവയലിൽ മകൻ ശ്രീ. മൈക്കിൾ എ. കള്ളിവയലിനോട് കുരിശു പള്ളിക്കു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുവാൻ ആവശ്യപ്പെട്ടു. തൊഴിലാളികൾക്കുവേണ്ടി ഭക്ഷണ വസ്തുക്കൾ വാങ്ങി സ്റ്റോക്കു ചെയ്തിരുന്ന ഒരു ചെറിയ ഹാൾ ഉൾപ്പെട്ട കെട്ടിടം (ഇന്നത്തെ എസ്.എൻ.ഡി.പി ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലം) ശ്രീ. മൈക്കിൾകള്ളിവയലിൽ സ്വന്തം ചെലവിൽ ഭംഗിയാക്കി കൂട്ടിക്കൽഇടവകയ്ക്ക് കൈമാറി. 1968 ഒക്ടോബർ മാസം 27 തീയതി ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ദിവസം "ക്രിസ്തുരാജന്റെ നാമത്തിൽ' കൂട്ടിക്കൽ സെന്റ് ജോർജ് പള്ളിയുടെ കുരിശുപള്ളി ഏന്തയാറ്റിൽ സ്ഥാപിക്കപ്പെട്ടു. കൂട്ടിക്കൽപള്ളി വികാരി ഫാ.തോമസ് ഒാലിക്കമാലിൽ അച്ചൻ അന്നേദിവസം ആദ്യമായി ദിവ്യബലി അർപ്പിച്ചു. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും കൂട്ടിക്കലിൽനിന്നും വൈദികൻ ഇവിടെ എത്തി ദിവ്യബലി അർപ്പിച്ചുപോന്നു.

ശ്രീ പി.കെ. തോമസ് മംഗലമഠം, ശ്രീ. പി.കെ. ജോസഫ് പടിപ്പുര, ശ്രീ. പി.എം. ജോസഫ് പുറപ്പന്താനം, ശ്രീ. ജോർജ്ജ് കാക്കനാട്ട്, ശ്രീ. ജോസഫ് ചെമ്പകശ്ശേരി, ശ്രീ. കുര്യൻ മംഗലമഠം എന്നിവരുടെ അശ്രാന്തപരിശ്രമമാണ് ഏന്തയാറ്റിൽ ഒരു കുരിശുപള്ളി സ്ഥാപിക്കാൻ ഇടയാക്കിയത്. നമ്മുടെ ഇന്നത്തെ ഇടവക ദൈവാലയത്തിലേയ്ക്കുള്ള ആദ്യചുവടുവെപ്പായിമാറിയ കുരിശുപള്ളിയുടെ വരവിനു പിന്നിൽ പ്രവർത്തിച്ചപ്രമുഖ വ്യക്തിത്വങ്ങളെ ബഹുമാനത്തോടെ സ്മരിക്കുന്നു. പിന്നീട് കുറെയേറെ വർഷങ്ങളോളം ഇപ്രകാരം ആഴ്ചയിലൊരിക്കലുള്ള കുർബാനയിൽ പങ്കെടുത്തുകൊണ്ട്ഏന്തയാറ്റിലെ നസ്രാണി കുടുംബങ്ങൾ സന്തോഷപൂർവ്വംമുന്നോട്ടു നീങ്ങി. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ പലപ്പോഴും കുരിശുപള്ളിയുടെയും തിരുക്കർമ്മങ്ങളുടേയുംസുഗമമായ നടത്തിപ്പിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി.

ശാന്തിനിലയം
കൂട്ടിക്കൽ പള്ളിയുടെ കുരിശുപള്ളിയായി ഏന്തയാർ ക്രിസ്തുരാജ് പള്ളി മുമ്പോട്ട് പോകുന്ന അവസരത്തിലാണ് ഫാ. അബ്രാഹം കൈപ്പൻപ്ലാക്കലച്ചന് ബഹു. മൈക്കിൾകള്ളിവയലിൽ സംഭാവനയായി നല്കിയ സ്ഥലത്ത് ഒരുവൃദ്ധസദനം ആരംഭിക്കുന്നത്. 1970 ഏപ്രിൽ മാസം 26 ന് അഗതിമന്ദിരം സ്ഥാപിക്കപ്പെട്ടതോടെ നസ്രാണികുടുംബങ്ങളുടെ ഏകീകരണത്തിനും കൂടുതൽ താല്പര്യത്തോടെ ഇടവക ദൈവാലയം എന്ന ആശയത്തിലേയ്ക്കും ജനങ്ങൾ കടന്നു വന്നു. അന്നും, ഇന്നും, എന്നും ഏന്തയാറിന്റെ കാരുണ്യത്തിന്റെ മുഖമാണ് ശാന്തിനിലയം. അമ്പതിൽപരംഅഗതികൾ മിക്ക അവസരങ്ങളിലും ഇൗ ശാന്തിനിലയത്തിന്റെ തണലിൽ ആശ്വാസം കൊള്ളുന്നു. മനുഷ്യസ്നേഹിയായ കൈപ്പൻപ്ലാക്കലച്ചന്റെ ഹൃദയത്തിൽ രൂപം കൊണ്ട് പ്രവൃത്തി പഥത്തിൽ സഞ്ചരിക്കുന്ന സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് ആണ് ശാന്തിനിലയം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സിസ്റ്റേഴ്സിന്റെ സേവനങ്ങൾ ദൈവലായത്തിനും ലഭിച്ചതോടുകൂടി ഇടവക പ്രവർത്തനങ്ങളും കൂടുതൽ സജീവമായി. ഇപ്പോൾ എല്ലാ ചൊവ്വാഴ്ചകളിലും ശാന്തിനിലയത്തിന്റെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചുവരുന്നു.

സ്വന്തമായി ദൈവാലയം എന്ന സ്വപ്നം
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സ്വന്തമായി കുറച്ചുഭൂമിയും അതിലൊരു കൊച്ചു ദൈവാലയവും ഇവിടുത്തെ നസ്രാണി കുടുംബങ്ങളുടെ ആഗ്രഹമായിരുന്നു. ഇൗ അവസരത്തിൽ ആണ് ബഹു. മൈക്കിൾ സാറിന്റെ തേയില ഫാക്ടറിപൊളിച്ചുകളഞ്ഞ സ്ഥലം ഇവരുടെ ശ്രദ്ധയിൽപെട്ടത്. അന്നത്തെ കൂട്ടിക്കൽ പള്ളി വികാരി ബഹു. തോമസ് കിഴക്കേമണ്ണൂരച്ചനോട് ഇവർ സ്ഥലത്തെക്കുറിച്ച് സൂചിപ്പിക്കുകയും അച്ചന്റെ നേതൃത്വത്തിൽ മൈക്കിൾ സാറിനെ കാണുകയും ചെയ്തു. ഫാക്ടറി പൊളിച്ചുകളഞ്ഞ സ്ഥലത്തോട് ചേർന്നുള്ള 3 ഏക്കറോളം സ്ഥലം അന്നത്തെ മാർക്കറ്റ് വിലയനുസരിച്ച് വാങ്ങാമെങ്കിൽ ഫാക്ടറിയിരുന്ന സ്ഥലം, ഏകദേശംഒരേക്കർ സൗജന്യമായി പള്ളിപണിയാൻ നൽകാമെന്ന് ബഹു.മൈക്കിൾ സംഘത്തെ അറിയിച്ചു. എന്നാൽ, കുരിശുപള്ളിയുടെ പ്രവർത്തനങ്ങൾ പോലും വലിയ സാമ്പത്തിക ഞെരുക്കത്തത്തിലായിരുന്ന അവസ്ഥയിൽ 3 ഏക്കറോളം സ്ഥലം വിലയ്ക്കുവാങ്ങുക എന്നത് അന്നത്തെ നമ്മുടെ പൂർവ്വികരെ സംബന്ധിച്ച് ചിന്തിക്കാൻപോലും സാധിക്കുന്ന കാര്യമായിരുന്നില്ല. എങ്കിലും ദൈവത്തിലാശ്രയിച്ച് അതിനായി കഠിനമായി പ്രയത്നിക്കുവാൻ തന്നെ അവർ തീരുമാനിച്ചു. അന്നത്തെ നമ്മുടെ കുടുംബങ്ങൾ ഒന്നും തന്നെ വലിയ സാമ്പത്തികശേഷിഉള്ളവർ ആയിരുന്നില്ല. വളരെയേറെ പരിശ്രമിച്ചിട്ടും ദൈവാലയത്തിനാവശ്യമായ മൈക്കിൾ സാർ പറഞ്ഞ തുക സംഭരിക്കാൻ അവർക്ക് സാധിച്ചില്ല. കൂട്ടിക്കൽ പള്ളി വികാരിഡോ. അഗസ്റ്റിൻ വടക്കേടത്തച്ചനുമായി സംസാരിച്ച മൈക്കിൾസാർ സ്ഥലം വാങ്ങുവാനായി പിരിച്ചെടുത്ത തുക തൽക്കാലം ഏൽപ്പിക്കുവാനും ബാക്കി തുക ക്രമേണ എത്തിക്കുകയും വേണം എന്ന വ്യവസ്ഥയിൽ ഫാക്ടറി പൊളിച്ചുമാറ്റിയത് ഉൾപ്പെടെയുള്ള ഒരേക്കർ സ്ഥലം വിട്ടുതരാമെന്ന് സമ്മതിച്ചു. പിരിഞ്ഞുകിട്ടിയ 5,000 രൂപ മൈക്കിൾ സാറിന് അദ്ദേഹത്തിന്റെ ഭവനമായ വിളക്കുമാടത്ത് എത്തി നൽകി. അങ്ങനെ ഫാക്ടറി പൊളിച്ചുകളഞ്ഞ ഒരേക്കർ സ്ഥലം കുരിശുപള്ളിയ്ക്കായി കൈവശം ലഭിച്ചു. ഇൗ സ്ഥലത്ത് നിലവിലുണ്ടായിരുന്ന തകര ഷെഡാണ് നാം ബലയർപ്പണത്തിനായിഉപയോഗിച്ചത്. 64 ഒാളം കുടുംബങ്ങൾ മാത്രം ഉണ്ടായിരുന്ന ഏന്തയാറ്റിലെ നസ്രാണി കത്തോലിക്കരുടെ ഹൃദയങ്ങളിൽ എഴുതി ചേർക്കപ്പെട്ട തീയതിയാണ് 1974 ഏപ്രിൽ മാസം 14 തീയതി, അന്നൊരു ഉയിർപ്പുതിരുന്നാൾ ദിനമായിരുന്നു. കൂട്ടിക്കൽ പള്ളി മുൻ വികാരി ബഹു. അഗസ്റ്റിൻ വടക്കേടത്തച്ചന്റെ കാർമ്മികത്വത്തിൽ തിരുനാൾ തിരുക്കർമ്മങ്ങൾ നടത്തിക്കൊണ്ട് ഇന്ന് ദൈവാലയം ഇരിക്കുന്ന സ്ഥലത്തെ കുരിശുപള്ളിയുടെ പ്രവർത്തനം ആരംഭിച്ചു. കപ്പിലാംമൂട് ഭാഗത്ത് ആറിനോട് ചേർന്ന് ശ്രീ.മൈക്കിൾ ഇടവകയ്ക്ക് ഉപയോഗത്തിനായി നല്കിയ രണ്ടേക്കർ 60 സെന്റ് തേയിലത്തോട്ടം അദ്ദേഹത്തിന്റെ അനുവാദത്തോടെ വിറ്റു കിട്ടിയ തുക നൽകി പള്ളി പരിസരത്തെ സ്ഥലത്തിന്റെ കുടിശിഖ കൊടുത്തു തീർത്തു. പിന്നീട് വികാരി ഫാ. ജേക്കബ് ഞാവിള്ളിലിന്റെയും, അസി. വികാരി ഫാ. ജെയിംസ് തോട്ടപ്പള്ളിലിന്റെയും കഠിനമായ പരിശ്രമവുംഇടവകജനങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ ഉദാരമതികളിൽ നിന്നും ലഭിച്ച തുകയും അരുവിത്തുറ പള്ളിയിൽ നിന്നും ലഭിച്ച ധനസഹായവും ചേർത്ത് പള്ളിയോട് ചേർന്ന ഒരേക്കർ 54 സെന്റ് സ്ഥലവും കൂടി അന്നത്തെ മാർക്കറ്റ് വിലയ്ക്ക് നമ്മൾ മൈക്കിൾ സാറിൽനിന്നും വാങ്ങിച്ചു. ഇൗ സ്ഥലത്താണ് നാം ദൈവാലയമണി സ്ഥാപിച്ചത്. 1976ൽ ദൈവാലയമണി ആദ്യമായി സ്ഥാപിക്കുമ്പോൾ അതിനുവേണ്ട തുക തന്റെ മാതാവ് തേലമ്മയുടെ നാമത്തിൽ ശ്രീ. ജോർജ് ജെ. മാത്യു പൊട്ടംകുളം നമുക്ക് നൽകുകയുണ്ടായി. ഞർക്കാട് ഭാഗത്ത് ശ്രീ. തോമസ് കല്ലൂപ്പറമ്പൻ (മാട്ടി) ദാനമായി നല്കിയ സ്ഥലംവിറ്റുകിട്ടിയ തുക ഉപയോഗിച്ച് പള്ളി പരിസരം കൂടുതൽ വിപുലീകരിക്കാൻ സാധിച്ചു. 1981 കാലഘട്ടത്തിൽ ശ്രീ തോമസ് തെക്കേമുറി ഇളംകാട് പ്രദേശത്ത് നമുക്ക് നൽകിയ 7 സെന്റ് സ്ഥലം ഇടവക ഇന്നും കൈവശം സൂക്ഷിക്കുന്നു.

സെമിത്തേരി
ഏന്തയാറ്റിൽ നസ്രാണികുടുംബത്തിലെ ഒരംഗം മരിച്ചാൽതലപ്പള്ളിയായ കൂട്ടിക്കൽ സെന്റ് ജോർജ് പള്ളിയുടെ സെമിത്തേരിയിലാണ് സംസ്കരിച്ചുകൊണ്ടിരുന്നത്. വാഹന സൗകര്യം കുറഞ്ഞ കിലോമീറ്ററുകൾ അപ്പുറമുള്ള സെമിത്തേരിയിൽ ശരീരം എത്തിച്ച് ശവസംസ്കാര ശുശ്രൂഷകൾ നടത്തുകവലിയ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമായ കാര്യമായിരുന്നു. ഇടവകയിൽ പ്രായമായവരുടെ വൃദ്ധസദനം കൂടി വന്നതോടെ ശവസംസ്കാര ശുശ്രൂഷകൾ കൂടുതൽ ബുദ്ധിമുട്ടിലായി. അതോടെ ഒരു സെമിത്തേരി ഏന്തയാറ്റിൽത്തന്നെ വേണമെന്ന ആവശ്യം ശക്തമായി. അന്നത്തെ കൂട്ടിക്കൽ പള്ളി വികാരി ഫാ. അഗസ്റ്റിൻ വടക്കേടത്തിന്റെയും, ശാന്തിനിലയം ഡയറക്ടറായിരുന്ന ഫാ. അബ്രാഹം കൈപ്പൻപ്ലാക്കലച്ചന്റെയും സമർത്ഥമായ ഇടപെടലുകളിലൂടെ നമുക്ക് സെമിത്തേരി സാധ്യമായി.

ഫാ. ജോസഫ് ഇടത്തുംപറമ്പിൽ വികാരിയായിരിക്കെ 1990 ൽസെമിത്തേരി കല്ലറകളായി തിരിച്ച് വിപുലമാക്കി. പിന്നീട് പല അവസരങ്ങളിലായി സെമിത്തേരി നവീകരണം നമുക്ക് സാധിച്ചു. 2021 ൽ ഫാ. തോമസ് ഇല്ലിമൂട്ടിൽ വികാരിയായിരിക്കെ സെമിത്തേരിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കായി ഒരു ചാപ്പൽ പണിയുവാനുള്ള ശ്രമങ്ങൾ തുടങ്ങുകയും 2022 ഒക്ടോബർ 9 ന് വികാരി ഫാ. ജോർജ് ചൊള്ളനാൽ പണി പൂർത്തിയാക്കി വെഞ്ചരിപ്പുകർമ്മം നിർവഹിക്കുകയും ചെയ്തു. ക്രിസ്തുരാജ് കുരിശുപള്ളിയിൽനിന്നും വേളാങ്കണ്ണിമാതാ തീർത്ഥാടന കേന്ദ്രത്തിലേക്ക്
ഏന്തയാറ്റിലെ എസ്റ്റേറ്റുകൾ ചില്ലറ ഭൂമിയായി വിൽക്കപ്പെട്ടപ്പോൾ ധാരാളമായി ജനങ്ങൾ ഇൗ പ്രദേശത്തേയ്ക്ക് കുടിയേറി പാർത്തു. റബ്ബർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന പേരുകൂടി നാടിന് ലഭിച്ചതോടെ ഇൗ പ്രദേശത്തേക്ക് വരുവാൻ ആളുകൾ കൂടുതൽ ഉത്സാഹം കാണിച്ചുതുടങ്ങി. ഇൗയൊരു കുടിയേറ്റകാലയളവിൽ ധാരാളമായി നസ്രാണികുടുംബങ്ങളും ഏന്തയാറ്റിൽ എത്തിച്ചേർന്നു. കടന്നുവന്ന കുടുംബങ്ങളിൽ ഏറിയ പങ്കും സാധാരണക്കാരായജനങ്ങളായതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കുരിശു പള്ളിക്ക് കുടുംബങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലുംസാമ്പത്തികമായി വലിയ നേട്ടം ഉണ്ടായില്ല. ഇൗ കാലയളവിൽഏന്തയാറ്റിൽ എത്തിയ മടിയ്ക്കാങ്കൽ ശ്രീ എം.സി ചാക്കോ(കുഞ്ഞേട്ടൻ) തന്റെ ഇൗ പ്രദേശത്തേയ്ക്കുള്ള വരവ് വേളാങ്കണ്ണിയിലെ പരിശുദ്ധ ദൈവമാതാവിന്റെ കൃപയാലാണെന്നും, വേളാങ്കണ്ണിയിൽനിന്നും മാതാവിന്റെ ഒരു തിരുസ്വരൂപം വാങ്ങി പള്ളിയ്ക്ക് നല്കണമെന്നത് തന്റെ നേർച്ചയാണെന്നും കൂട്ടിക്ക ൽപള്ളി വികാരി ബഹു. ജേക്കബ് ഞാവള്ളിലച്ചനെ അറിയിച്ചു. കൂട്ടിക്കൽ പള്ളിയുടെ കുരിശുപള്ളിയായ ഏന്തയാർ ക്രമേണ ഇടവകയാക്കി ഉയർത്തുവാൻ ആഗ്രഹിക്കുന്നതിനാൽ വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപം ഏന്തയാർ കുരിശുപള്ളിയ്ക്ക് നൽകുവാൻ താല്പര്യമുണ്ടോ എന്ന് അച്ചൻ കുഞ്ഞേട്ടനോടു ചോദിക്കുകയും അദ്ദേഹം അതിന് പൂർണ്ണസമ്മതം അറിയിക്കുകയും ചെയ്തു. എം.സി. ചാക്കോയും കുടുംബവും വേളങ്കണ്ണിയിലെ തിരുന്നാളിന്റെ അവസാനദിവസം തിരുസ്വരൂപം വെഞ്ചരിച്ച് അവിടുത്തെ പ്രദക്ഷിണത്തോടൊപ്പം പുറപ്പെട്ട് കൂട്ടിക്കലെത്തി.

1974 സെപ്റ്റംബർ 15 ന് വികാരി ജേക്കബ് ഞാവള്ളിലച്ചന്റെ നേതൃത്വത്തിൽ വലിയ ആഘോഷമായി ഏന്തയാറ്റിലേ ക്ക്പുറപ്പെട്ടു. റോഡിനിരുവശവും തിരുസ്വരൂപത്തെ സ്വീകരി ക്കുന്നതിനായി നാനാജാതി മതസ്ഥരായ ആളുകൾ തിങ്ങിക്കൂടിയിരുന്നു. കുപ്പായക്കുഴിയിൽ നിർമ്മിച്ചിരുന്ന പന്തലിൽതിരുസ്വരൂപം ആദ്യം സ്വീകരിച്ചു. പിന്നീട് അവിടുത്തെ പ്രാർത്ഥന കൾക്കുശേഷം തിരുസ്വരൂപം ഏന്തയാർ ക്രിസ്തുരാജ് കുരിശുപള്ളിയിൽ എത്തി ജേക്കബ് ഞാവള്ളിലച്ചൻ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠിച്ച തിരുസ്വരൂപം തത്സ്ഥാനത്തുനിന്നും മാറ്റാൻ പാടില്ലാ യെന്നും പ്രദക്ഷിണസമയങ്ങളിൽ മറ്റൊരു രൂപം ഉപയോഗിക്കണമെന്നും വികാരിയച്ചൻ നിർദേശിച്ചു. ശ്രീ.ജോയിമംഗലമഠം തനിക്കു നേർച്ചയായി വേളാങ്കണ്ണിമാതാവിന്റെ രൂപം നല്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും പ്രദക്ഷിണസമയങ്ങളിൽ ഉപയോഗിക്കാനായി ആദ്ദേഹം അത് വാങ്ങി നല്കുകയും ചെയ്തു. തുടർന്ന് എല്ലാ ശനിയാഴ്ച്ചകളിലും 2.30ന് ജപമാലയോടെ ആരംഭിച്ച് വിശുദ്ധ കുർബാനയും വേളാങ്കണ്ണിമാതാവിന്റെ നൊവേനയും ചൊല്ലുവാൻ തുടങ്ങി. ബഹു. ജേക്കബ് ഞാവള്ളിലച്ചനാണ് നൊവേന പ്രാർത്ഥനകൾ തയ്യാറാക്കിയത്. ഇന്ന് നാം ചൊല്ലുന്നത് 2010 ൽ ബഹു. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വികാരിയും ബഹു. ജോസഫ് മണിയഞ്ചറ അസി. വികാരിയും ആയരിക്കുമ്പോൾ പരിഷ്ക്കരിച്ച നൊവേനയാണ്.

വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപം സ്ഥാപിതമായതോടെ ഏന്തയാർ ക്രിസ്തുരാജ് കുരിശുപള്ളിയിലേക്ക് മരിയൻ ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണുണ്ടായത്. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽനിന്നും ധാരാളമായി ഭക്തജനങ്ങൾ എത്തിത്തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്ന അവസരത്തിൽ ശനിയാഴ്ചകളിൽ മുണ്ടക്കയത്തുനിന്നും ജീപ്പുകൾ തുടർച്ചയായി സർവ്വീസ് നടത്തുകയും പൈ്രവറ്റ് ബസുകൾ സ്പെഷ്യൽ ട്രിപ്പുകൾഎടുക്കുകയും ചെയ്യുമായിരുന്നു. താരതമ്യേന ചെറിയ ഷെഡ് ആയിരുന്ന കുരിശുപള്ളി, ജനങ്ങളുടെ തിരക്ക് വർദ്ധിച്ചതോടെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലെത്തി. ശനിയാഴ്ച്ചകളിൽഇൗ പ്രദേശം നിറഞ്ഞു കവിയുമായിരുന്നു. കൂട്ടിക്കൽപള്ളിവികാരി ബഹു. ജേക്കബ് ഞാവള്ളിക്കുന്നേലിന്റെയും അസി. വികാരി ബഹു. ജെയിംസ് തോട്ടപ്പള്ളി അച്ചന്റെയും പ്രത്യേകമായ ശ്രദ്ധ ലഭിച്ച ഏന്തയാർ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായി മാറി.

മാതാവിന്റെ കുളം
തീർത്ഥാടകർ ക്രമമായി വർദ്ധിച്ചുവന്നിരുന്ന ഇൗ കാലയളവിലാണ് ദൈവാലയത്തിന്റെ മുൻഭാഗത്തായി ഒരു നീരുറവ പ്രത്യക്ഷപ്പെടുകയും വറ്റാത്ത വെള്ളം ലഭിക്കുവാനും തുടങ്ങിയത്. പ്രാർത്ഥനകൾക്കായി വരുന്ന തീർത്ഥാടകർ ഇൗ നീരുറവഅവരുടെ ദാഹം അകറ്റുവാനായി ഉപയോഗിക്കുവാൻ തുടങ്ങി. മരിയ ഭക്തനായിരുന്ന ശ്രി. കെ.എസ്. സ്കറിയ പൊട്ടൻകുളത്തിന്റെ സഹായത്തോടെ ഇൗ നീരുറവ കടന്നു വരുന്ന ഭാഗം നന്നായി വേർതിരിച്ച് മതിൽ കെട്ടി, പൈപ്പ് ഉപയോഗിച്ച് സുരക്ഷിതമാക്കി സംരക്ഷിച്ചു തുടങ്ങി. എന്നാൽ നീരുറവയെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയെത്തുന്ന പലരും തങ്ങളുടെ നേർച്ചകൾ വെള്ളത്തിലേയ്ക്ക് നിക്ഷേപിക്കാൻ തുടങ്ങിയതോടെ ജലംമലിനമാകുമെന്ന കാരണത്താൽ ഒരു കുരിശ് പളളിയുടെ രൂപത്തിൽ മേൽക്കൂര കെട്ടി അടവാക്കുകയും പുറത്തേക്ക് പൈപ്പിലൂടെ ഇൗ ജലം ലഭ്യമാക്കുകയും ചെയ്തു. ഇന്ന് നാംഉപയോഗിക്കുന്ന "മാതാവിന്റെ കുളം' എന്ന അറിയപ്പെടുന്നത് ഇതാണ്. 1990 നവംബർമാസം 14 ന് മാർ.ജോസഫ് പള്ളിക്കാപറമ്പിൽ ഇതിന്റെ വെഞ്ചരിപ്പുകർമ്മം നിർവഹിച്ചു. ഫാ. ജോസഫ്ഇടത്തുംപറമ്പിൽ ആയിരുന്നു വികാരി.

ഏന്തയാർ ഇടവകയും, പ്രഥമ വികാരിയും
പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ മാധ്യസ്ഥം യാചിച്ചു വരുന്ന ആളുകളുടെ എണ്ണം ക്രമമായി വർദ്ധിച്ചുകൊണ്ടിരുന്നു. വർദ്ധിച്ച തിരക്ക് മൂലം പള്ളിക്ക് സ്ഥിരമായി ഒരു വൈദികൻ ലഭ്യമാകണം എന്ന ആഗ്രഹം വിശ്വാസികളിലും വർദ്ധിച്ചു. 1975ൽ പള്ളിയോടു ചേർന്ന് ഏകദേശം 15 സെന്റ് സ്ഥലവും കെട്ടിടവും ബഹു. മൈക്കിളിൽനിന്നും 16,000 രൂപക്ക് വാങ്ങുവാൻ സാധിച്ചു. ഇവകയായി മാറിയപ്പോൾ പള്ളിമുറിയായി ഇൗ കെട്ടിടം ഉപയോഗിച്ചു.

തീർത്ഥാടന കേന്ദ്രമായി മാറിയ ഏന്തയാർ പള്ളിയിലേക്ക് സ്ഥിരമായി ഒരു വൈദികനെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പല തവണ രൂപതാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിച്ചു. സ്വന്തമായ വരുമാനമാർഗ്ഗം ഇല്ലാതെ ഇടവകയാക്കുക ബുദ്ധിമുട്ടാണെന്ന് രൂപതാകേന്ദ്രം അറിയിച്ചു. സാമ്പത്തിക ഭദ്രതഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു നാടകം ഏന്തയാറ്റിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. 1975 ജനുവരി 5 ന് ആലപ്പി തീയേറ്റേഴ്സിന്റെ നാടകത്തിലൂടെ ഏകദേശം 12,500 രൂപ നമുക്ക് പിരിഞ്ഞു കിട്ടി (അന്ന് പ്രധാന റോഡിനോട് ചേർ ന്ന് ഒരു ഏക്കർ സ്ഥലത്തിന് 6,000 രൂപയാണ് മാർക്കറ്റ് വില). സ്രാമ്പിക്കൽ പാപ്പച്ചൻ (പാലപ്ര) ഇൗ നാടക സംരഭത്തെ വലിയ രീതിയിൽ സഹായിച്ച വ്യക്തികളിലൊരാളാണെന്ന് ഇതിന് നേതൃത്വം നല്കിയ ബഹു. ജെയിംസ് തോട്ടപ്പള്ളിലച്ചൻ ഒാർത്തെടുക്കുന്നു. നാടകത്തിലൂടെ ലഭിച്ച വരുമാനവും, ഇടവകാംഗങ്ങളുടെ സഹായവും, തീർത്ഥാടകരിലൂടെ ലഭിച്ച നേർച്ചയും വളരെ കരുതലോടെ അന്നത്തെ തലമുറ ഉപയോഗിച്ചതിലൂടെ 2 ഏക്കർ 83 സെന്റ് സ്ഥലം കൂടി നാം പള്ളിയ്ക്കായിവാങ്ങി. 1975 ഏപ്രിൽ 19 തീയതി ശനിയാഴ്ച അന്നത്തെ കൊച്ചുപിതാവ് മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ കുരിശുപള്ളി സന്ദർശിക്കുകയും ഇവിടുത്തെ തിരക്കും, സാമ്പത്തിക ഭദ്രതയും മനസ്സാലാക്കുകയും ചെയ്തു. ഏന്തയാറിന്റെ പൂർണ്ണ ചുമതലകളിലേയ്ക്ക് ബഹു.തോട്ടപ്പള്ളിലച്ചൻ കടന്നു വരുമെന്ന് ഇടവക ജനങ്ങളിൽ പലരും കരുതിയിരുന്നു. ബഹു. കൂട്ടിക്കൽ അസി. വികാരി ഫാ. ജെയിംസ് തോട്ടപ്പള്ളിയോട് ഏന്തായാറിന്റെ ചുമതലകൾ ഏറ്റെടുക്കുവാൻ അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ പിതാവ് ആവശ്യപ്പെട്ടെങ്കിലും അനാരോഗ്യം മൂലം തന്റെ ബുദ്ധിമുട്ട് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിനെ അച്ചൻ അറിയിക്കുകയാണ് ചെയ്തത്.

1977 ഏപ്രിൽ 30ന് ഏന്തയാറിനെ ഇടവകയായി അംഗീകരിച്ചുകൊണ്ടും,ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി എന്ന യുവ വൈദികനെ ഇടവകയുടെ പ്രഥമ വികാരിയായി നിയമിച്ചുകൊണ്ടുമുള്ള കല്പന അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് പുറപ്പെടുവിച്ചു. ഏന്തയാർ ഇടവകവികാരിയായി നിയമിച്ചുകൊണ്ട് കൊഴുപ്പൻകുറ്റിയച്ചന് വയലിൽ പിതാവ് പുറപ്പെടുവിച്ച കല്പനയിൽ "ഏന്തയാർ സെന്റ് മേരീസ് പള്ളി" എന്നാണ് രേഖപ്പെടുത്തിയിരുന്നത് എന്ന് ബഹു. കൊഴുപ്പൻകുറ്റിയച്ചൻ ഒാർമ്മിച്ചെടുക്കുന്നു. അങ്ങനെ പ്രഥമവികാരിയുടെ നിയമന ഉത്തരവിലൂടെ ഏന്തയാർ ക്രിസ്തുരാജ് കുരിശുപള്ളിയിൽനിന്നും "സെന്റ് മേരീസ് ചർച്ച്' എന്ന നാമത്തിലുള്ള ഇടവക ദൈവാലയത്തിലേക്ക് നാം മാറി. ഏന്തയാർ കൂട്ടിക്കൽ പള്ളിയിൽനിന്നും വേർതിരിഞ്ഞ് ഇടവകയാകുമ്പോൾ. ബഹു. ഫാ. ലൂക്ക് പുത്തൻപുരയായിരുന്നു കൂട്ടിക്കൽ പള്ളിവികാരി. കൂട്ടിക്കൽ പള്ളിയിൽനിന്നും സ്വതന്ത്ര ഇടവകയായിഏന്തയാർ മാറുമ്പോൾ പൂർണ്ണമായും നസ്രാണി കുടുംബങ്ങൾ പുതിയ ഇടവകയിലേയ്ക്ക് മാറിയില്ലെങ്കിലും, ഇടവക വികാരിയായി വന്ന ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റിയച്ചന്റെ സ്നേഹസ്മൃണമായ പെരുമാറ്റം ഇടവകയുടെ അതിർത്തിയ്ക്കുള്ളിലുള്ളമുഴുവൻ കുടുംങ്ങളും ക്രമേണ ഏന്തയാറിന്റെ ഭാഗമായി മാറി.

പ്രഥമ ഇടവക തിരുന്നാൾ
സൗമ്യനും എന്നാൽ ഏറെ ദീർഘവീക്ഷണവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ച പ്രഥമ വികാരി ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റിയുടെ നേതൃത്വത്തിൽ ഇടവക ദൈവാലയമായിത്തീർന്ന തിനുശേഷമുള്ള ആദ്യ പ്രധാനതിരുന്നാൾ 1977 സെപ്റ്റം ബർ 8 നോടനുബന്ധിച്ചുള്ള ശനി, ഞായർ (10,11 തീയതികൾ) ദിവസങ്ങളിൽ നടത്തപ്പെട്ടു. പ്രസുദേന്തി വിഹിതമായ 5,000 രൂപ തന്നുകൊണ്ട് ചക്കനാൽ വിൻസി കുട്ടിയച്ചൻ ഇടവകതിരുന്നാളിന്റെ ആദ്യ പ്രസുദേന്തിയായി. ഒലയനാട്, ഒറ്റമരം, ഇളംകാട് ഭാഗത്തുള്ള നസ്രാണി കുടുംബങ്ങളുടെ ആഗ്രഹ പ്രകാരം ശനിയാഴ്ച വൈകുന്നേരം ഇംളകാട്ടിൽ സ്ഥാപിച്ച പന്തലിലേയ്ക്കും, ഞായറാഴ്ച മാതാവിന്റെ തിരുസ്വരൂപംആദ്യമായി സ്വീകരിച്ച് ആനയിച്ച കുപ്പായക്കുഴി പന്തലിലേയ്ക്കും പ്രദക്ഷിണങ്ങൾ നടന്നു. പിന്നീട് 2014 ൽ ഫാ. ജോസഫ് നടുവിലേക്കുറ്റ് വികാരിയായിരിക്കെ ശനിയാഴ്ച്ച ദിവസത്തെ ഇളംകാട് പ്രദക്ഷിണത്തിനു പകരമായി ഇടവകയുടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽനിന്നും കഴുന്ന് പ്രദക്ഷിണങ്ങൾ ("പഞ്ചസംഗമ പ്രദക്ഷിണം" ഇളംകാട്, തേൻപുഴ, മാത്തുമല, മുണ്ടപ്പള്ളി, കനകപുരം) ആരംഭിച്ച് ഇടവക ദൈവാലയത്തിൽ സമാപിക്കുന്ന ഇന്നത്തെ രീതി സ്വീകരിച്ചു. തങ്ങളുടെ നാടിന്റെ അനുഗ്രഹത്തിന്റെ ഉറവിടമായ, മധ്യസ്ഥയായ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ളആദ്യ തിരുനാൾ പ്രദക്ഷിണങ്ങളിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകൾ ആണ് പങ്കുചേർന്നത്.യുവ വൈദികനായ കൊഴുപ്പൻകുറ്റി അച്ചന്റെ നേതൃപാടവംഏറെ ശ്രദ്ധിക്കപ്പെട്ട ദിവസങ്ങളായിരുന്നു തിരുന്നാൾ ദിനങ്ങൾ.

1982 ജനുവരി 17 ന് കൂടിയ യോഗത്തിൽ ആ വർഷം മുതൽഇടവകയുടെ പ്രധാന തിരുനാളായി മാതാവിന്റെ അമലോത്ഭവതിരുനാൾ നടത്താമെന്ന് തീരുമാനിക്കുകയും അങ്ങനെ ഇപ്പോൾ നമ്മൾ ആഘോഷിക്കുന്ന രീതിയിൽ ഡിസംബർ 8 നോട് അടുത്തവരുന്ന ശനി, ഞായർ തിരുനാൾ ദിവസങ്ങളായി മാറുകയും ചെയ്തു.

ഏന്തയാറിന്റെ ഹൃദയം തകർത്ത തീപിടുത്തം
പ്രഥമ തിരുനാൾ ആവേശത്തോടെ, ആദരവോടെ കൊണ്ടാടിയ നാടിനെ അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞ കറുത്തദിനമായിരുന്നു 1977 സെപറ്റംബർ 13 ചൊവ്വ വെളുപ്പിന് 2 മണി. ദൈവാലയ ഭാഗത്തുനിന്നും തീ ഉയരുന്നതുകണ്ട് പരിസരവാസിയായ തോമസ് ഒാതറക്കുന്നേൽ ഒാടിയെത്തുമ്പോൾ ആളിക്കത്തുന്ന തീയാണ് കാണുന്നത്. അലറി വിളിച്ച് വികാരിയച്ചന്റെ മുറിയിലേക്ക് ഒാടിയെത്തി അച്ചനെ വിളിച്ചുണർത്തി. തന്റെ മുന്നിൽ കണ്ടകാഴ്ച്ച അച്ചനെ സ്തംബ്തനാക്കി. നിസ്സഹായതയുടെ നിഴലുകൾഅദ്ദേഹത്തെ കുറച്ചുനേരത്തേക്ക് പരിസരബോധം നഷ്ടപ്പെടുത്തി നിശ്ചലനാക്കി. തന്റെ പ്രിയപ്പെട്ട ആദ്യ ഇടവക ദൈവാലയം, യുവവൈദികൻ, ഇടവക വികാരിയായി 5 മാസം തികയുന്നേയുള്ളൂ എങ്ങനെ ഒരു വികാരിയച്ചന് ഇത് താങ്ങാൻ സാധിക്കും? ഒരു നിമിഷത്തെ നിശ്ചലാവസ്ഥയിൽനിന്ന് മോചിതനായി അദ്ദേഹം ഒാടിച്ചെന്ന് കൂട്ടമണി മുഴക്കി വിവരം പുറംലോകത്തെ അറിയിച്ചു. കൂട്ടമണിയുടെ മുഴക്കം കേട്ട് നൂറുകണക്കിന് ജനങ്ങൾ അപ്പോൾത്തന്നെ അവിടെ ഒാടിക്കൂടി. ആളിക്കത്തുന്ന തീയിലേക്ക് ഒാടിക്കയറുന്നത് അപകടരമായിരിക്കുമെന്നുള്ളതുകൊണ്ട് ആദ്യം പലരും ഭയപ്പെട്ട് പകച്ചുനിന്നു. പിന്നീട് ചെറിയ ചെറിയ കലങ്ങൾ സംഘടിപ്പിച്ച് കുളത്തിൽനിന്നും വെള്ളം കോരി തീയണയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഭയാനകരമായ നിലയിൽ ആളിക്കത്തുന്ന തീയിലേക്ക് ഒഴിയ്ക്കുന്ന വെള്ളം മതിയാകുമായിരുന്നില്ല. ദൈവാലയ കെട്ടിടം ഏതാണ്ട് പൂർണ്ണമായും, തേക്കിൻ തടിയിൽ തീർത്ത മദ്ബഹാ, സക്രാരി, മാതാവിന്റെ രൂപക്കൂട് എന്നിവ നിശ്ശേഷവും കത്തിച്ചാമ്പലായി.വേളങ്കണ്ണിമാതാവിന്റെ പ്രതിഷ്ഠിച്ച തിരുസ്വരൂപം നിലത്തുവീണുകിടക്കുന്നതാണ് തീയണഞ്ഞശേഷം ആദ്യം ദൈവാലയത്തിൽ പ്രവേശിച്ചവർക്ക് കാണാൻ സാധിച്ചത്. ചെറിയ കേടുപാടുകൾമാത്രം സംഭവിച്ച് സംരക്ഷിക്കപ്പെട്ട ഇൗ തിരുസ്വരൂപമാണ് ഇന്നും നാം വണക്കത്തിനായി ഉപയോഗിക്കുന്നത്. തുടർന്ന് കുറച്ചുനാളത്തേയ്ക്ക് മഠം ചാപ്പലിൽ കുർബാന അർപ്പണം നടന്നു. പിന്നീട് ശ്രീ. കെ.വി. സക്കറിയ പൊട്ടംകുളത്തിന്റെ സഹായത്തോടെ വിശ്വാസികൾ എല്ലാവരും ചേർന്ന ദൈവാലയം സ്ഥിതി ചെയ്തിരുന്ന തൽസ്ഥാനത്തുതന്നെ താല്ക്കാലികമായിഅൾത്താരയും സക്രാരിയും സ്ഥാപിച്ച് കുർബാന അർപ്പണം പുനരാരംഭിച്ചു.

പുതിയ ദൈവാലയവും ഇടവകയുടെ വളർച്ചയുടെ നാളുകളും
തീ പിടുത്തം വിശ്വാസികളുടെ ഹൃദയത്തെ തളർത്തിയെങ്കിലും അതുപക്ഷേ മനോഹരമായ ദൈവാലയ നിർമ്മിതിയിലേയ ്ക്കുള്ള ചുവടുവെപ്പായും അനുഗ്രഹമായും മാറുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. കൊച്ചുപിതാവ് മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ അന്നുതന്നെ ഇവിടെയെത്തുകയും വിശ്വാസികളെ ആശ്വസിപ്പിക്കുകയും ചെയ്തു. അനാരോഗ്യം മൂലം ഇവിടെ എത്താൻ സാധിക്കാത്ത മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് കത്തിലൂടെ വികാരി കൊഴുപ്പൻകുറ്റിഅച്ചനെ ബന്ധപ്പെടുകയും അച്ചനോടുംവിശ്വാസികളോടുമുള്ള സ്നേഹവും, കരുതലും വാഗ്ദാനം ചെയ്യുകയും ചെയ്തു.

1977 സെപ്റ്റംബർ 25 ന് വികാരിയച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ 1.5 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന ഒരു പുതിയ ദൈവലായം നിർമ്മിക്കാൻ തീരുമാനിച്ചു. ശ്രീ.കെ.ജെ.മാത്യു കല്ലറയ്ക്കൽ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി. കോൺട്രാക്ട് പണികൾ ശ്രീ.സണ്ണിക്കുട്ടി പൂവത്തിങ്കൽ നിർവഹിച്ചു. 1977 നവംബർ 19 ന് പുതിയ പള്ളിയുടെ ശിലാസ്ഥാപനം മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ നിർവഹിച്ചു. പള്ളി നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴുംഇടവകയിലെ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. പരിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തവും പ്രത്യേകിച്ച് ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞുള്ള ജപമാലയിലും കുർബാനയിലും നൊവേനയിലും ധാരാളമായി വിശ്വാസികൾ പങ്കെടുത്തുവന്നു. 1978 ഡിസംബർ 15 ന് ഇടവകയിലെ 200 മത് നൊവേന ആഘോഷമായി നടത്തപ്പെട്ടു. മാർ ജോസഫ് പൗവ്വത്തിൽ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. ടൗൺചുറ്റി ജപമാല പ്രദക്ഷിണവും നടന്നു. സാമ്പത്തികമായി സാധാരണക്കാരായ ഇടവകാംഗങ്ങൾ ആയിരുന്നു ഇടവകയിൽ അധികവും. ഏകദേശം 200250 ഇടവക കുടുംബങ്ങളാണ് ആ സമയത്ത് നമുക്ക് ഉണ്ടായിരുന്നത്. തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും, കൃഷിക്കാരുമൊക്കെ അവരുടെ വരുമാനത്തിന്റെ വിഹിതം പള്ളിപണിയ്ക്ക് ദാനമായി നല്കിക്കൊണ്ടിരുന്നു. ശ്രമദാനങ്ങളിലൂടെയൊക്കെ ധാരാളം ഇടവകാംഗങ്ങൾ പള്ളിപണിയെ സഹായിക്കുവാൻ മുന്നിട്ടിറങ്ങി. എങ്കിലും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് പള്ളി പണി മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. പള്ളിപണിയുമായി ബന്ധപ്പെട്ട് അയൽഇടവകക്കാരിൽനിന്നുമുള്ള സഹായവും നമുക്ക് ലഭ്യമായി. ഒരിക്കൽ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് വികാരി കൊഴുപ്പൻകുറ്റിയച്ചനെ അരമനയിൽ വിളിച്ചുവരുത്തി ഒരു കവർ നല്കി പറയുകയുണ്ടായി "ഇതു ഏന്തയാർ പള്ളിപണിയ്ക്കായി എന്റെ വിഹിതം". തിരികെ പള്ളിയിലെത്തികവർ തുറന്ന വികാരിയച്ചൻ 10,000 രൂപയുടെ ചെക്ക് കണ്ട് കണ്ണുകൾ നിറഞ്ഞതായി ഇപ്പോഴും ഒാർത്തെടുക്കുന്നു. ഏന്തയാർ ഇവകയോടും ഇവിടുത്തെ ജനങ്ങളോടും വലിയകരുതൽ മനസ്സിൽ സൂക്ഷിച്ച പിതാവ് ആയിരുന്നു നമ്മുടെ വലിയ പിതാവ്. ഇടവക വികാരി ഫാ.അഗസ്റ്റിൻ കൊഴുപ്പൻ കുറ്റിയുടെ കരുത്തുറ്റ നേതൃത്വവും ഇടവകജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഒത്തുചേർന്നപ്പോൾ 1980 ഡിസംബർ 23ന് നാം ഇന്ന് സ്വന്തമായി അമൂല്യമായി കരുതുന്ന ഇടവക ദൈവാലയത്തിന്റെ കൂദാശകർമ്മം അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് നിർവ്വഹിച്ചു. അനാരോഗ്യാവസ്ഥയിലും ദൈവാലയ കൂദാശകർമ്മത്തിന്റെ തുടക്കത്തിൽത്തന്നെ എത്തിച്ചേർന്ന വലിയപിതാവ് മാർ സെബാസ്റ്റ്യൻ വയലിൽ തുടർന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

1993 ഡിസംബർ 10 ന് ക്രിസ്തുരാജ് കുരിശുപള്ളിയായി ഏന്തയാർ ആരംഭിച്ചതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭംഗിയായി നടത്തപ്പെട്ടു. മുൻ വികാരിമാരും, ഇടവയിലെ വൈദികരും ചേർന്ന് സമൂഹബലി അർപ്പിച്ചു. മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനംആദ്യത്തെ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കാർഡിനൽമാർ. ആന്റണി പടിയറ പിതാവ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

2005 ൽ ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളിൽ അച്ചൻ വികാരിയായിരിക്കെ നമ്മുടെ ദൈവാലയത്തിന്റെ മദ്ബഹാ പുതുക്കിപണിതു. തടികൊണ്ട് പാനൽ ചെയ്ത് ഇന്ന് നാം ദിവ്യബലി അർപ്പിക്കുന്ന മനോഹരമായ അൾത്താരയും, ദൈവാലയത്തിന്റെ സീലിംഗും തെങ്ങുംപള്ളിൽ അച്ചന്റെ ശ്രമഫലമാണ്. 2019ൽ ബഹു.മാത്യു വെട്ടുകല്ലേൽ അച്ചൻ ദൈവലയത്തിന്റെ ഇരുവശങ്ങളിലുമുള്ള വരാന്ത ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തി. 2027ൽ സുവർണജൂബിലി വർഷത്തിലേക്കു പ്രവേശിക്കുന്ന നമ്മുടെ ഇടവകയ്ക്ക് 568 കുടുംബങ്ങളും 7.21 ഏക്കർ വസ്തുവും നിലവിലുണ്ട്.