കൂട്ടിക്കൽ പള്ളിയുടെ കുരിശുപള്ളിയായി ഏന്തയാർ ക്രിസ്തുരാജ് പള്ളി മുമ്പോട്ട് പോകുന്ന അവസരത്തിലാണ് ഫാ. അബ്രാഹം കൈപ്പൻപ്ലാക്കലച്ചന് ബഹു. മൈക്കിൾകള്ളിവയലിൽ സംഭാവനയായി നല്കിയ സ്ഥലത്ത് ഒരുവൃദ്ധസദനം ആരംഭിക്കുന്നത്. 1970 ഏപ്രിൽ മാസം 26 ന് അഗതിമന്ദിരം സ്ഥാപിക്കപ്പെട്ടതോടെ നസ്രാണികുടുംബങ്ങളുടെ ഏകീകരണത്തിനും കൂടുതൽ താല്പര്യത്തോടെ ഇടവക ദൈവാലയം എന്ന ആശയത്തിലേയ്ക്കും ജനങ്ങൾ കടന്നു വന്നു. അന്നും, ഇന്നും, എന്നും ഏന്തയാറിന്റെ കാരുണ്യത്തിന്റെ മുഖമാണ് ശാന്തിനിലയം. അമ്പതിൽപരംഅഗതികൾ മിക്ക അവസരങ്ങളിലും ഇൗ ശാന്തിനിലയത്തിന്റെ തണലിൽ ആശ്വാസം കൊള്ളുന്നു. മനുഷ്യസ്നേഹിയായ കൈപ്പൻപ്ലാക്കലച്ചന്റെ ഹൃദയത്തിൽ രൂപം കൊണ്ട് പ്രവൃത്തി പഥത്തിൽ സഞ്ചരിക്കുന്ന സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് ആണ് ശാന്തിനിലയം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സിസ്റ്റേഴ്സിന്റെ സേവനങ്ങൾ ദൈവലായത്തിനും ലഭിച്ചതോടുകൂടി ഇടവക പ്രവർത്തനങ്ങളും കൂടുതൽ സജീവമായി. ഇപ്പോൾ എല്ലാ ചൊവ്വാഴ്ചകളിലും ശാന്തിനിലയത്തിന്റെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചുവരുന്നു.
1999 ആഗസ്റ്റ് 11 ന് ശ്രീ ജോർജ് കരിപ്പടത്ത് വക ഒന്നര ഏക്കർസ്ഥലം ഇളംകാട് ഇളംകാട് ടോപ്പ് റോഡിനോട് ചേർന്ന് ഇളംകാട്ടിൽ കുരിശുപള്ളി പണിയുവാനായി വാങ്ങി. രൂപതയിൽനിന്നും (എൻ.സി.എഫ്) ലഭിച്ച എട്ടുലക്ഷംരൂപയിൽ ഏഴരലക്ഷം രൂപയാണ് ഇതിനായി ചെലവായത്. ആധാരചെലവുകൾക്കുശേഷമുള്ള തുക പള്ളിപണിയ്ക്കായി മാറ്റി വെക്കുകയും ചെയ്തു. 1999 ഒക്ടോബർ 21ന് വികാരി ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ കുരിശുപള്ളിയുടെ കല്ലിടീൽ കർമ്മം നിർവഹിച്ചു. നാനാജാതി മതസ്ഥരായഅനേകം പേർ ചടങ്ങിൽ പങ്കെടുത്തു. 1999 ഡിസംബർ 10ന് കുരിശുപള്ളിക്കായി വാങ്ങിയ സ്ഥലത്ത് കുരിശുസ്ഥാപിച്ച് താത്കാലികമായി പണിത പന്തലിൽ ആദ്യമായി വികാരി ഫാ. അലക്സ് മൂലക്കുന്നേൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. അസി. വികാരി ഫാ. ജെയിംസ് വെണ്ണായിപ്പിള്ളി സഹകാർമ്മികനായിരുന്നു. 2000 ഡിസംബർ 25ന് ഇളംകാട് കുരിശുപള്ളിയിൽ എല്ലാ ഞായറാഴ്ചകളിലും കുർബാന ചൊല്ലുവാൻ രൂപതാദ്ധ്യക്ഷൻ അനുവാദം നല്കി. 2001 ഡിസംബർ 7 ന് അഭിവന്ദ്യ മാർ. ജോസഫ് പള്ളിക്കാപറമ്പിൽ ഇളകാട് ഉണ്ണിമിശിഹാ കുരിശുപള്ളിയുടെ വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചു. ഇടവകാംഗം ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ ദിവ്യബലി അർപ്പിച്ചു. ഇപ്പോൾ എല്ലാ ഞായറാഴ്ചകളിലും കുർബാനയും ആദ്യ വെള്ളിയാഴ്ചകളിൽ കുർബാനയും ഉണ്ണിമിശിഹായുടെ നൊവേനയും നടന്നു വരുന്നു. കൂടാതെ സഭയുടെ എല്ലാ കടമുള്ള ദിനങ്ങളിലും ഇപ്പോൾ ഇവിടെ ബലിയർപ്പണം നടക്കുന്നുണ്ട്. ഇൗ കാലയളവിൽതന്നെ പള്ളിയോടു ചേർന്ന് സെമിത്തേരി പണിയുവാനും ഒരു ശവസംസ്കാര ശുശ്രൂഷ ഇവിടെ നടത്തുവാനും സാധിച്ചു.
2003 ജനുവരി 13 ന് തേൻപുഴ ഇൗസ്റ്റിൽ ശ്രീ. എം.റ്റി.സ്കറിയ മറ്റപ്പറമ്പിൽ ദാനമായി നല്കിയ ഒരു സെന്റ് സ്ഥലത്ത് വി.അന്തോനീസിന്റെ നാമത്തിൽ പണിയുവാൻ ഉദ്ദേശിച്ച കുരിശുപള്ളിയുടെ കല്ലിടീൽ നടന്നു. പണിപൂർത്തിയാക്കിയ കുരിശുപള്ളിയുടെ വെഞ്ചരിപ്പ് 2003 ജൂൺ 13ന് വികാരി ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ നടത്തുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു. 2008ൽ ശ്രീ ജോൺസൺ പി.കെ. പുറപ്പന്താനം ഒരുസെന്റ് സ്ഥലം കൂടി കുരിശുപള്ളിയോട് ചേർന്നു കിടക്കുന്നത് നൽകിയത് കുരിശുപള്ളിയുടെ പ്രവർത്തനത്തെ കൂടുതൽ സഹായിച്ചു. കുരിശുപള്ളിയിൽ തുടർന്ന് എല്ലാ ആദ്യ ചൊവ്വാഴ്ചകളിലും വി. അന്തോണീസിന്റെ നൊവേനയും ലദീഞ്ഞും നടക്കുന്നു. എല്ലാ വർഷവും വി. അന്തോണീസിന്റെ തിരുന്നാളിനോടനുബന്ധിച്ച് ആഘോഷമായ വി.കുർബാനയും നൊവേനയും ലദീഞ്ഞും നേർച്ച വിരുന്നും ഇവിടെ നടന്നു വരുന്നു.
വികാരി ഫാ.ജോസഫ് കൊച്ചുപറമ്പിലിന്റെ അനുവാദത്തോടെ തങ്ങളുടെ പ്രദേശത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കുകഎന്ന ആഗ്രഹത്തോടെ കൂന്നാട്, ഞർക്കാട് നിവാസികളായ നസ്രാണി ക്രിസ്ത്യാനികളും നാനാജാതി മതസ്ഥരും ചേർന്ന് സ്വരുക്കൂട്ടിയ പണത്തിൽ ഏന്തയാർ ഇളംകാട് പ്രദേശത്ത് കൂന്നാട് കവലയിൽ ശ്രീ. രാജൻബാബു കരിപ്പാതോട്ടത്തിലിൽനിന്നും വാങ്ങിയ 1 സെന്റ് സ്ഥലത്ത് പരിശുദ്ധ കന്യകാമാതാവിന്റെ നാമത്തിൽ കുരിശുപള്ളി സ്ഥാപിക്കുന്നതിന് 1996 ആഗസ്റ്റ് 10 ന് രൂപതാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെ പണി പൂർത്തിയാക്കിയ കുരിശടിയുടെ വെഞ്ചരിപ്പ് 1996 ഡിസംബർ മാസത്തിൽ വികാരി ഫാ.ജോസഫ് കൊച്ചുപറമ്പിൽ നിർവഹിച്ചു. 1998 ജനുവരി മാസത്തിൽ ഫാ. ജോസഫ് കൊച്ചുപറമ്പിൽ വികാരി ആയിരിക്കെ ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ ഒ.എഫ്.എം. പ്രഥമ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ആ വർഷം മുതൽ മെയ് മാസവണക്കം കുരിശുപള്ളിയിൽ കൃത്യമായി നടന്നുവരുന്നു. വണക്ക മാസ സമാപന ദിനമായ മെയ് 31 ന് ആഘോഷമായ കുർബാന യും ലദീഞ്ഞും സ്നേഹവിരുന്നും നൽകി വരുന്നു.
1993 മെയ് 3 ന് ഏർത്തയിലായ ആണ്ടൂർ ജോൺ കൂട്ടിക്കൽ പള്ളിയ്ക്കു ദാനമായി നല്കിയ 3 സെന്റ് സ്ഥലത്താണ് പ്ലാപ്പള്ളികുരിശുപള്ളി സ്ഥാപിച്ചത്. മുണ്ടക്കയം കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഡോക്ടർ കെ.സി.ജോണിന്റെ സഹകരണത്തോടെ പ്രദേശവാസികൾ കുരിശുപള്ളിയുടെ പണികൾ പൂർത്തിയാക്കി. ആളുകളുടെ പോക്കുവരവ് സൗകര്യാർത്ഥം പിന്നീട് കുരിശുപള്ളിയും ഇൗ പ്രദേശത്തെ ഏതാനും വിശ്വാസികളും കൂട്ടിക്കൽ പള്ളിയുടെ അനുവാദത്തോടെ ഏന്തയാർഇടവക പള്ളിയുടെ കീഴിലേയ്ക്ക് മാറി.